-0.7 C
New York
Saturday, December 6, 2025

Buy now

spot_img

കവിയുടെ നാട്ടില്‍ കലയുടെ കേളികൊട്ട് ഉയരുമ്പോള്‍… 

വീണ്ടും ഒരു നവംബര്‍മാസം…ഒരു കലാമാമാങ്കത്തിന് കൂടി ബ്രിട്ടന്റെ മണ്ണില്‍ കേളികൊട്ട് ഉയരുകയാണ്. ഓരോ വര്‍ഷവും ജനപ്രീതിയേറികൊണ്ടിരിക്കുന്ന യുക്മ നാഷണല്‍ കലാമേള ഇക്കുറി വിരുന്നെത്തുന്നത് ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കിയ ഷേക്‌സ്പിയറുടെ നാട്ടിലേക്ക് ആണെന്ന് യുക്മസ്‌നേഹികള്‍ക്കാകെ ആവേശം പകരുന്ന ഒരു കാര്യമാണ്. മലയാള സാഹിത്യത്തിനാകെ നഷ്ടം സമ്മാനിച്ച് കടന്നുപോയ മഹാനായ മലയാളകവി ഒഎന്‍വിയോടുള്ള ആദരസൂചകമായി നാമകരണം ചെയ്ത കലാമേള നഗരിയിലാണ്് ഇക്കുറി മത്സരങ്ങള്‍ നടക്കുക. 

പുറമേ തിരക്കുകളുടെ ലോകത്താണെങ്കിലും പ്രവാസം എപ്പോഴും ഉള്ളിലൊരു ഭൂതകാലകുളിര് സമ്മാനിക്കുന്നുണ്ടാകും. ഇത്തരത്തിലൊരു ഭൂതകാലകുളിരാണ് നാടും അവയുടെ പൈതൃകവുമെല്ലാം. വിഭിന്നമായ സംസ്‌കാരങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുപോയ പുതുതലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ കൈകളില്‍ അവശേഷിക്കുന്നതാകട്ടെ ഈ പൈതൃകം നമ്മില്‍ അവശേഷിപ്പിച്ച നന്മകളാണ്. പുതുതലമുറയിലേക്ക് ഈ നന്മ കൈമാറാനൊരു വേദി എന്ന ആശയത്തില്‍ നിന്നാണ് ഏഴ് വര്‍ഷം മുന്‍പ് യുക്മ നാഷണല്‍ കലാമേള എന്ന ആശയം വിരിയുന്നത്. അന്ന് തൊട്ട് ഇന്നോളം ശക്തമായ വികസന പരിണാമത്തിലൂടെ കടന്നുപോയ കലാമേളകള്‍ ഇന്ന് കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രവാസി കലാമേളയാണ്. 

ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന മലയാളി പ്രവാസികളില്‍ നിന്ന് യുകെ മലയാളികളെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു കലാമാമാങ്കമായി ഈ ഏഴ് വര്‍ഷത്തിനിടയ്ക്ക് യുക്മ കലാമേളകള്‍ മാറികഴിഞ്ഞു. പ്രവാസത്തിന്റെ തിരക്കിനിടയിലും യുകെ മലയാളികള്‍ സജീവമായി യുക്മ കലാമേളകളില്‍ പങ്കെടുക്കുന്നതിന് പിന്നില്‍ നാടിന്റെ പൈതൃകത്തോടുള്ള സ്‌നേഹവും ആദരവും തന്നെയാണ്. 

ഒരുപക്ഷേ യുകെയിലെ യുക്മ റീജിയനുകളില്‍ തന്നെ ശക്തമായ റീജിയനുകളിലൊന്നായ മിഡ്‌ലാന്‍ഡ്‌സ് റിജീയനിലെ കവന്‍ട്രി മെറ്റോണ്‍ സ്‌കൂള്‍ അങ്കണത്തിലാണ് യുക്മയുടെ കലാമാമാങ്കം ഇക്കുറി നടക്കുന്നത്. മിഡ്‌ലാന്‍ഡ്‌സ് റീജിയന്് പൂര്‍ണ്ണപിന്തുണയുമായി കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും രംഗത്തുണ്ട്. ആറാമത് കലാമേളയേക്കാള്‍ പ്രൗഡഗംഭീരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.  

അസോസിയേഷന്‍ തലത്തിലും റീജിയണല്‍ തലത്തിലും മാറ്റുരച്ച് എത്തിയ കലാകാരന്‍മാരാണ് നാഷണല്‍ കലാമേളയില്‍ ഏറ്റുമുട്ടുന്നത്.

ഏകദേശം 600 ഓളം കലാകാരന്‍മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന യുക്മ നാഷണല്‍ കലാമേളയ്ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കവന്‍ട്രിയിലെ വാര്‍വിക് മെറ്റന്‍ സ്‌കൂളില്‍  പരിസമാപ്തിയില്‍ എത്തിക്കഴിഞ്ഞു. നാല് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കലാമേളയ്ക്ക് എത്തുന്നവര്‍ക്കായി പാര്‍ക്കിംഗ്, ഭക്ഷണം, ഗ്രീന്‍ റൂമുകള്‍ തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. 

നാടിന്റെ സംസ്‌കാരവും ഭാഷയും ജീവിതവുമൊക്കെ മലയാളിയുടെ പുതുതലമുറയില്‍ നിന്ന് അന്യംനില്‍ക്കാതെ സൂക്ഷിക്കുക എന്ന വലിയൊരു ഉത്തരവാദിത്വമാണ് ഓരോ കലാമേളകളും നിര്‍വ്വഹിക്കുന്നത്. ഏഴ് സംവത്സരങ്ങളിലായി ഈ ഉത്തരവാദിത്വം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ നിറവേറ്റാന്‍ സാധിച്ചു എന്നതാണ് യുക്മ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യം. മാറിമാറിവന്ന നേതൃത്വങ്ങള്‍ ഏറെ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയതിന്റെ ഫലമാണ് ഇന്ന് യുക്മ നാഷണല്‍ കലാമേളകള്‍ക്ക് ലഭിക്കുന്ന ജനസമ്മിതി. വരും കാലത്തും ഈ ജനസമ്മിതി നിലനിര്‍ത്താന്‍ സാധിക്കട്ടെ എന്ന ആശംസയോടെ…

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles